കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാള സിനിമ ഒരു വിഷമവൃതതിലായിരുന്നു, എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒട്ടുമില്ല. കാമ്പില്ലാത്ത കഥകളും കൂമ്പടഞ്ഞ വിചാരധാരകളും കൊണ്ട് കുത്തി നിറച്ച ചിത്രങ്ങള്‍ ധനികന്മാരായിരുന്ന കുറെ നിര്‍മാതാക്കളെ തെണ്ടാന്‍ പ്രേരിപ്പിച്ചു എന്ന് പറയുന്നതാണ് സത്യം. ഈ അവസ്ഥക്ക് കാരണഭൂതര്‍ തീര്‍ച്ചയായും സിനിമ എന്ന വ്യവസായത്തിന്റെ വക്താക്കളാണ്. ഈ വക്താക്കള്‍, ഭരതന്റെയും, ലോഹിതദാസിന്റെയും മറ്റും വേര്‍പാടിന് മുന്‍പില്‍ പകച്ചു നിന്നപ്പോള്‍ മലയാള സിനിമ അന്തവും ആദിയുമില്ലാത്ത ഏതോ ലോകത്തായിരുന്നു. ബ്ലെസി, റോഷന്‍ ആണ്ട്രൂസ് ഇവരൊക്കെ അല്പമെങ്കിലും പ്രേക്ഷകരെ തിയെറ്റരുകളില്‍ പിടിച്ചിരുത്തിയവര്‍ ആണ്. കമല്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ പഴയ പ്രമാണിമാര്‍ക്ക് പ്രേക്ഷകനെ കിട്ടിയില്ല താനും. അന്യ ഭാഷാ ചിത്രങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ച മലയാളി മലയാള ചിത്രങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു. തുടര്‍ച്ചയായ പരാജയങ്ങള്‍ സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ അസഹിഷ്ണുത വളര്‍ത്തുകയും അവര്‍ പരസ്പ്പരം പോരടിക്കുകയും ചെയ്ത കാഴ്ച നമ്മള്‍ കണ്ടതാണ്, കരുത്തുറ്റ കഥ അതിന്റെ ആഖ്യാനശൈലി കൊണ്ട് എങ്ങനെ വിജയിപ്പിക്കാം എന്ന് തമിഴ് സംവിധായകര്‍ നമ്മെ പഠിപ്പിച്ചു കൊണ്ടുമിരുന്നു. മൈന, ആടുകളം തുടങ്ങിയവ ഇതിനു ചെറിയ ഉദാഹരണം മാത്രമാണ്. മധ്യവര്‍ത്തി സിനിമയുടെ തല തൊട്ടപ്പന്മാരായിരുന്ന രാമു കാര്യാട്ട്, ഭരതന്‍, പത്മരാജന്‍, ലോഹിതദാസ്, പവിത്രന്‍, പി.എ. ബക്കര്‍ ഇവരുടെ നഷ്ടം മലയാളിക്ക് സമ്മാനിച്ചത് വെറും ശൂന്യത മാത്രമായിരുന്നു. ഗ്രാമീണ ഭംഗികള്‍ ഒരു കാന്‍വാസില്‍ എന്ന പോലെ ഭരതനും, പ്രേമം അതിന്റെ സൌന്ദര്യ ഭാവത്തില്‍ ആറാടിച്ച പത്മരാജനും, മറ്റും ഒരു സംഗീത ശില്‍പം പോലെ വെള്ളിത്തിരയില്‍ എത്തിച്ചപ്പോള്‍ മലയാളി അഭിമാനിച്ചിരുന്നു തന്റെ സിനിമയെ കുറിച്ച്, ജീവിത യാദാര്ത്യങ്ങളെ തികച്ചും സറ്റയര്‍ രീതിയില്‍ വരച്ചു കാട്ടുവാന്‍ സത്യന്‍ അന്തിക്കാടിന് കഴിഞ്ഞു. ശ്രീനിവാസന്‍ എന്ന അതുല്യ പ്രതിഭയുടെ തൂലിക മലയാളിയെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു എന്നതും യാദാര്‍ത്ഥ്യം, സത്യനും, സിബിയും, കമലും, ശ്രീനിവാസനും പിന്നെ ബ്ലെസ്സിയും റോഷനും ഒക്കെ ഉണ്ടായിരുന്നിട്ടു പോലും എന്തെ മലയാള സിനിമ ഇത്തരത്തില്‍ ആയതു? ആധുനിക കാലത്തെ മലയാളിയെ തിരിച്ചറിയുവാന്‍ ഇവര്‍ക്കായില്ലെന്നുണ്ടോ?
ഈ യാത്ര തുടരുന്നിടത് വച്ച് എപ്പോഴോ കുറെ ചെറുപ്പക്കാര്‍ മലയാളിക്കായി കുറച്ചു പരീക്ഷണങ്ങള്‍ മാറ്റിവച്ചു, ഇവ ഏറെക്കുറെ വിജയം കണ്ടു എന്ന് തന്നെ പറയുകയും ചെയ്യാം, മലര്വാടിയും, ട്രാഫിക്കും, സോള്‍ട്ട് ആന്‍ഡ് പേപ്പറും ഒടുവില്‍ ചാപ്പക്കുരിശും നമുക്ക് ഒരു പുതിയ ദ്രിശ്യാനുഭവം സമ്മാനിച്ചു.ഈ ചെറുപ്പക്കാരുടെ കടന്നുകയറ്റം മലയാളസിനിമയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കണ്ടുവരുന്ന മരവിപ്പിന് ഒരു ചെറു മരുന്നായി മാറുകയായിരുന്നു.
മലയാളിയുടെ ആകാംക്ഷ ശരിക്കും പരീക്ഷിച്ച ചിത്രമായിരുന്നു ട്രാഫിക്, തിരക്കഥയിലോ കഥയിലോ മേന്മ പുലര്‍ത്തിയില്ലെങ്കില്‍ പ്പോലും ആംഗലേയ ചലച്ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആദ്യാവസാനം പ്രേക്ഷകനെ തിയേറ്ററില്‍ പിടിചിരുതുവാന്‍ ഈ സിനിമക്ക് സാധിച്ചു. അതിഭാവുകത്വതിനോ ഗാനങ്ങള്ക്കോ പ്രാധാന്യം നല്‍കാതെ നടന്മാരെ, താരങ്ങളാക്കാതെ സിനിമ എന്താണ് പറയേണ്ടിയിരുന്നത് എന്നത് രാജേഷ് പിള്ള എന്ന ചെറുപ്പക്കാരന്‍ കാണിച്ചു തന്നു. പ്രായം നടന്മാരെ സംബന്ദിച്ചു ഒരു വിഷയം ആകുന്നില്ല, മറിച്ചു താര്മായാലോ, പ്രായം ഒരു ഖടകം തന്നെ ആണ്, ഇത് തന്നെ ആണ് നമ്മുടെ പ്രിയപ്പെട്ട സൂപ്പര്‍ സ്ടാരുകള്‍ ക്കും പറ്റിയത്. ഒരു സിനിമ വിജയിക്കണമെങ്കില്‍ ഇച്ചാശക്തിയുള്ള ഒരു സംവിധായകന്‍ അതിനു പിന്പില്‍ വേണം എന്ന് രാജേഷ് പഠിപ്പിക്കുന്നു. ഹൃദയമിടിപ്പോടെ ചിത്രത്തിനെ ആവേഗത്തെ ഉള്‍ക്കൊള്ളുവാന്‍ മലയാളിയെ രാജേഷ് ട്രാഫിക്കിലൂടെ പഠിപ്പിക്കുക ആയിരുന്നു.
ഭക്ഷണം എന്ന ദൌര്‍ബല്യം സിനിമയാക്കി നമ്മിലെക്കെതിക്കുവാന്‍ സോള്‍ട്ട് ആന്‍ഡ് പേപ്പര്‍ എന്ന സിനിമക്ക് കഴിഞ്ഞപ്പോള്‍ മലയാള സിനിമ വീണ്ടും തല ഉയര്തിപിടിക്കുകയാണ് . ലാല്‍ എന്ന നടന്റെ കരിയറിലെ നല്ല വേഷങ്ങളില്‍ ഒന്നായി ഈ സിനിമയിലെ കഥാപാത്രവും മാറിക്കഴിഞ്ഞു.
ഹജ്ജു എന്ന പുണ്യ കര്‍മമാണ് ഇസ്ലാമിന്റെ മോക്ഷം എന്ന് കരുതുന്ന അബു പവിത്രന്‍ എന്ന സംവിധായകന്റെ ഉപ്പ് എന്ന ചിത്രം അനുസ്മരിപ്പിക്കുന്നു. സലിം കുമാരിലെ നടന്‍ കഥാപാത്രമായ അബു ആയി മാറുമ്പോള്‍ തിരസ്കരണം ഏറ്റു വാങ്ങുന്ന അടിത്തട്ടിലുള്ള ഒരു മനുഷ്യനായി മാറുകയായിരുന്നു. ഇത്തരത്തില്‍ മലയാളത്തിനു പുതെ ഉനെര്വ് പകരുവാന്‍ , കല്ലായി ഉറച്ചു കിടന്ന ആ അഹല്യക്ക് ശാപമോക്ഷം നല്‍കുവാന്‍ ഒരു പട്ടം രാമന്മാര്‍ ഇനിയും ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

No comments:
Post a Comment