Friday, August 19, 2011

മുരുകന്റെ കാഴ്ചകള്‍


അക്ഷരങ്ങള്‍ എന്നും ഒരു ദൌര്‍ബല്യമായിരുന്നു. അവയുടെ ശരിയായ വിന്യാസം കൊണ്ട് എന്നില്‍ അത്ഭുതം കൂറിക്കുവാന്‍ എന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍ക്ക് എന്നും കഴിഞ്ഞിരുന്നു. സ്കൂള്‍-കോളജ് സമയത്തൊക്കെ രാത്രികളില്‍ കൂട്ടായിരുന്നവര്‍ അവര്‍ ആണ്, അവ എനിക്ക് പ്രേമവും സ്വപ്നവും തന്നു. പിന്നീട് എപ്പോഴോ ജീവിതനൈരന്തര്യത്തില്‍ ഓട്ടം തുടങ്ങിയപ്പോഴും ഇടയ്ക്കിടയ്ക്ക് എത്തി നോക്കുന്നവര്‍ മാത്രമായി അവര്‍. ഔദ്യോഗിഗകമായി കണക്കു പരിശോധകന്‍ എന്ന നിലയില്‍ ഓഫീസുകള്‍ തോറും യാത്ര ചെയ്യേണ്ടി വന്നപ്പോള്‍ എവിടെ വച്ചോ എന്റെ പ്രിയപ്പെട്ടവരുടെ അക്ഷരക്കൂട്ടുകള്‍ ശബ്ദ വിന്യാസമായി എന്റെ ചെവിയെലെത്തിക്കുവാന്‍ എന്റെ പ്രിയപ്പെട്ട വോക്മനു സാധിച്ചു. പുലര്‍ച്ചെയുള്ള ഒരു യാത്രയില്‍ എന്റെ വോക്മാന്‍ എന്നിലെക്കെത്തിച്ചത് മുരുകന്‍ കാട്ടാക്കട യുടെ കവിതകളാണ്, ആ ശബ്ദം എന്നിലെ എന്നെ ഏതു തലത്തിലെത്തിക്കുവാന്‍ കഴിഞ്ഞു എന്നുള്ളത് മാത്രമാണ് ഇവിടെ ഞാന്‍ എഴുതുന്നത്‌.
ഉണരാത്ത പത്മതീര്തങ്ങള്‍ :- ഒരു ഭ്രാന്തന്റെ ജടിലമായ പ്രവര്‍ത്തിയെ, ഒരു കൊലപാതകത്തെ, പത്മതീര്‍ത്ഥ കുളത്തില്‍ ബോധം മറഞ്ഞ നിഷ്കളങ്കചിത്തന്‍ ചെയ്തു പോയ ഒരു കൊലപാതകം.
കരിമ്പട്ടു ചുറ്റി ഭൂമിയെ നോക്കുവാന്‍ പേടിക്കുന്ന സൂര്യന്‍, കത്തി ജ്വലിക്കുവാന്‍ മടിക്കുന്ന സൂര്യന്‍, താഴെ പത്മതീര്‍ത്ഥ കുളത്തിലേക്ക് നോക്കെറിയുന്ന ഒരു പറ്റം മനുഷ്യര്‍, കൂടെ എന്റെ കവിയും. പത്മമില്ലാത്ത, തീര്തപുന്യം ഇല്ലാത്ത വെറും വശ്യാങ്ങിയുടെ ജഡം പോലെ ജലം. ഞാന്‍ ആദ്യം പറഞ്ഞ ആ ഭ്രാന്തന്‍ പ്രിയ കവിക്ക്‌ ബോധ വീണ കമ്പി പൊട്ടിയവന്‍ ആണ്, വരരുചി പുത്രന്റെ പിന്മുരക്കാരന്‍, ആ വരികളില്‍ ആധുനിക കവികളില്‍ കാണാത്ത തലത്തിലുള്ള ഉപമ ശ്രീ. മുരുകനെ എന്റെ പ്രിയപ്പെട്ടവനാക്കുന്നു, തീര്‍ച്ച. പിന്നീട് ഉള്ള വരകള്‍ ലാളിത്യത്ത്തിലൂടെ വര്ച്ചുകാട്ടുവാന്‍ എന്റെ പ്രിയ കവിക്കാകുന്നു, തന്നെ സഹായിക്കുവാന്‍ വരുന്ന കൃശഗാത്രനായ മനുഷ്യനെ ചെളിയില്‍ താഴ്ത്തി മുകളിലേക്ക് കയറിവരുന്ന ഭ്രാന്തനെ, നമുക്ക് മുന്‍പിലെ ക്രൂരനായ കൊലയാളിയെ കവി നിഷ്കളങ്കന്‍ എന്ന് വരച്ചു കാട്ടുന്നു, മലയാളിയുടെ മരവിച്ചു വീര്‍ത്ത മനസ്സുകളെ ശപിച്ചും പയ്യാരം പറഞ്ഞും നിര്‍ത്തുന്ന കവി, കവിതാന്ത്യം നമുക്ക് മുപിലേക്ക് ചിന്താഗവ്യമായി ഒരു ചോദ്യം അവശേഷിപ്പിക്കുന്നു.
"തൊടിയിലായി ഓടി കളിക്കുന്ന പൈതലേ
പടിയിലായി കണ്‍ പാര്‍ത്തിരിക്കുന്ന പത്നിയെ
പാതിയില്‍ നിര്‍ത്തിയ ജന്മ കര്മങ്ങളെ
പാടെ മരന്നുച്ച്വസിക്കാന്‍ മാത്ര കിട്ടാതെ
ചേറില്‍ പുതഞ്ഞു പാഴ്ജന്മം പൊലിഞ്ഞു പോയി"

രേണുക:- പൊളിഞ്ഞുപോയ ഒരു പ്രണയത്തിന്റെ നേര്‍കാഴ്ച, നേരിന്റെ നേര്‍കാഴ്ച.
ശക്തമായ ഭാഷയിലൂടെ പ്രിയ കവി എന്നിലെക്കെതിച്ചത്, എനിക്കെന്നോ നഷ്ടപ്പെട്ടു പോയ എന്നിലെ കാമുകനെയാണ്.
നിലാവിന്റെ നീലകടമ്പിന്‍ പരാഗ രേണുവായി പ്രിയകാമുകിയെ വിശേഷിപ്പിക്കുന്ന കവി, വേര്‍പാടിന്റെ വേളയില്‍ നഞ്ഞ മരകൊമ്പില്‍ നിന്നും താഴെക്കുവന്ന്‍ രണ്ടിലകളായി ആ ഹൃദയങ്ങളെ നമ്മില്‍ സന്നിവേശിപ്പിക്കുന്നു.
ഏതൊരു കാമുകനെയും പോലെ കവിയുടെ കാമുകഹൃദയവും മേഘശകലങ്ങള്‍ ആകുന്ന ഘനഭങ്ങികള്‍ ആയി ആ രണ്ടു ചിത്തങ്ങളെ നമ്മിലെക്കെത്തിക്കുന്നു.
" മഴവില്ല് താഴെ വീണുടയുന്ന മാനത്ത്‌
വിരഹ മേഖ ശ്യാമ ഘനഭംഗികള്‍"
എത്ര മനോഹരമായ വരികള്‍, വിരഹം എന്ന സത്യം കവിതയുടെ തുടക്കത്തില്‍ തന്നെ ഈ വരികളുടെ മുരുകന്‍ വരയ്ക്കുന്നു. വൈപര്യതിന്റെ ദിശകളിലേക്ക് ഒഴുകി മറയുന്ന പുഴകളായി അവര്‍ . തീവ്രമായ വിരഹവേദന കലര്‍ന്ന കവിയുടെ വരികള്‍ നമ്മിലെ കാമുകനെ വീണ്ടും ആ പഴയ വാകമര തണലില്‍ എത്തിച്ചേക്കാം,
പിരിയുമ്പോള്‍ കാമുകിയുടെ ഹൃദയത്തില്‍ കാമുകന്‍ എഴുതുന്ന ജീവരക്തം കലര്‍ന്ന വാക്കുകള്‍
" ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്ക് മാത്രം"
എന്റെ മനസ്സില്‍ പതിഞ്ഞ ഈ വരികള്‍ തന്ന എന്റെ പ്രിയ കവേ, താങ്കള്‍ എന്റെ കരളു പിഴുതെടുത്തു, താങ്കള്‍ ഈ എഴുതിയ വരികള്‍ എന്നോ ഒരു കാലത്ത് ഞാനും ചോല്ലിയിട്ടുണ്ടാവും. കവിയുടെ കാമുകഹൃദയം രാത്രിയുടെ കുറുപ്പില്‍ രൂപങ്ങ്ളില്ലാത്ത കിനാക്കളായി ആ ഹൃദയങ്ങളെ മാറ്റുന്നു. പകലിന്റെ നിറം മനുഷ്യനില്‍ നിനവും നിരാശയും ഉണ്ടാക്കുന്നു എന്ന പ്രപഞ്ചസത്യം പ്രിയകവി ഇവിടെ ചാലിച്ച് ചേര്‍ക്കുന്നു.
കാമുക ഹൃദയങ്ങളുടെ കണ്ടു മുട്ടലുകള്‍ പ്രണയത്തിന്റെ തീച്ചൂട് നമ്മെ അറിയിക്കുന്നു, അത് സമ്മാനിക്കുന്ന വിരഹത്തിന്റെ പൊള്ളലില്‍ നാം വെന്തു നീറുന്നു.
" ഭ്രമമാണ് പ്രണയ, വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടികസൌധം"
തീക്ഷ്ണമായ കവിയുടെ, എന്നോ നഷ്ടപ്പെട്ട കാമുകന്റെ ശരിയായ വിലയിരുത്തല്‍, എന്റെ കവേ , എനിക്കൊന്നു തീര്‍ച്ച, ഞാന്‍ വായിച്ച, കേട്ട ശബ്ദങ്ങളില്‍ ഇതുവരെ കഴിയാഞ്ഞത്, പിരിയേണ്ടി വരുമ്പോള്‍ ഏതു മനസ്സിലും തോന്നാവുന്ന ശരിയായ വികാരം, പ്രണയം അനുഭവിച്ചവന്‍ തിരിച്ചറിഞ്ഞ വരികള്‍.
" പകല് വറ്റി കടന്നുപോയി കാലവും
പ്രണയമൂട്ടി ചിരിപ്പു രൌദ്രങ്ങളും
പുറകിലാരോ വിളിച്ചതായി തോന്നിയോ
പ്രണയം അരുതെന്നുരഞ്ഞതായി തോന്നിയോ"
എല്ലാവരിലെയും പ്രണയത്തെ കരിച്ചു കളയുന്ന രൌദ്രങ്ങള്‍ കവി നമ്മെ ഓര്മപ്പെടുതുവാന്‍ ശ്രമിക്കുന്നു. കൈകോര്‍ത്തു, മിഴി ചേര്‍ത്ത്, മനസ്സുകള്‍ കേട്ട് പിണഞ്ഞു അന്ന് നാം കണ്ട സ്വപ്‌നങ്ങള്‍ ഇന്ന് നമ്മെ കരുവാന്‍ പഠിപ്പിക്കുന്നു. ഈ ഓര്മ എനിക്ക് തന്ന എന്റെ പ്രിയ സുഹൃത്ത്‌ കാട്ടാക്കട മുരുകനില്‍ നിന്നും ഇനിയും ഇതുപോലെയുള്ള അക്ഷര നൈവേദ്യം തീര്‍ച്ചയായും ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു കൊണ്ട്...............

അഹല്യയുടെ ശാപമോക്ഷം.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മലയാള സിനിമ ഒരു വിഷമവൃതതിലായിരുന്നു, എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തി ഒട്ടുമില്ല. കാമ്പില്ലാത്ത കഥകളും കൂമ്പടഞ്ഞ വിചാരധാരകളും കൊണ്ട് കുത്തി നിറച്ച ചിത്രങ്ങള്‍ ധനികന്മാരായിരുന്ന കുറെ നിര്‍മാതാക്കളെ തെണ്ടാന്‍ പ്രേരിപ്പിച്ചു എന്ന് പറയുന്നതാണ് സത്യം. ഈ അവസ്ഥക്ക് കാരണഭൂതര്‍ തീര്‍ച്ചയായും സിനിമ എന്ന വ്യവസായത്തിന്റെ വക്താക്കളാണ്. ഈ വക്താക്കള്‍, ഭരതന്റെയും, ലോഹിതദാസിന്റെയും മറ്റും വേര്‍പാടിന് മുന്‍പില്‍ പകച്ചു നിന്നപ്പോള്‍ മലയാള സിനിമ അന്തവും ആദിയുമില്ലാത്ത ഏതോ ലോകത്തായിരുന്നു. ബ്ലെസി, റോഷന്‍ ആണ്ട്രൂസ് ഇവരൊക്കെ അല്പമെങ്കിലും പ്രേക്ഷകരെ തിയെറ്റരുകളില്‍ പിടിച്ചിരുത്തിയവര്‍ ആണ്. കമല്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട് തുടങ്ങിയ പഴയ പ്രമാണിമാര്‍ക്ക് പ്രേക്ഷകനെ കിട്ടിയില്ല താനും. അന്യ ഭാഷാ ചിത്രങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ച മലയാളി മലയാള ചിത്രങ്ങള്‍ക്ക് നേരെ മുഖം തിരിച്ചു. തുടര്‍ച്ചയായ പരാജയങ്ങള്‍ സിനിമ പ്രവര്‍ത്തകര്‍ക്കിടയില്‍ അസഹിഷ്ണുത വളര്‍ത്തുകയും അവര്‍ പരസ്പ്പരം പോരടിക്കുകയും ചെയ്ത കാഴ്ച നമ്മള്‍ കണ്ടതാണ്, കരുത്തുറ്റ കഥ അതിന്റെ ആഖ്യാനശൈലി കൊണ്ട് എങ്ങനെ വിജയിപ്പിക്കാം എന്ന് തമിഴ് സംവിധായകര്‍ നമ്മെ പഠിപ്പിച്ചു കൊണ്ടുമിരുന്നു. മൈന, ആടുകളം തുടങ്ങിയവ ഇതിനു ചെറിയ ഉദാഹരണം മാത്രമാണ്. മധ്യവര്‍ത്തി സിനിമയുടെ തല തൊട്ടപ്പന്മാരായിരുന്ന രാമു കാര്യാട്ട്‌, ഭരതന്‍, പത്മരാജന്‍, ലോഹിതദാസ്, പവിത്രന്‍, പി.എ. ബക്കര്‍ ഇവരുടെ നഷ്ടം മലയാളിക്ക് സമ്മാനിച്ചത്‌ വെറും ശൂന്യത മാത്രമായിരുന്നു. ഗ്രാമീണ ഭംഗികള്‍ ഒരു കാന്‍വാസില്‍ എന്ന പോലെ ഭരതനും, പ്രേമം അതിന്റെ സൌന്ദര്യ ഭാവത്തില്‍ ആറാടിച്ച പത്മരാജനും, മറ്റും ഒരു സംഗീത ശില്‍പം പോലെ വെള്ളിത്തിരയില്‍ എത്തിച്ചപ്പോള്‍ മലയാളി അഭിമാനിച്ചിരുന്നു തന്റെ സിനിമയെ കുറിച്ച്, ജീവിത യാദാര്ത്യങ്ങളെ തികച്ചും സറ്റയര്‍ രീതിയില്‍ വരച്ചു കാട്ടുവാന്‍ സത്യന്‍ അന്തിക്കാടിന് കഴിഞ്ഞു. ശ്രീനിവാസന്‍ എന്ന അതുല്യ പ്രതിഭയുടെ തൂലിക മലയാളിയെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു എന്നതും യാദാര്‍ത്ഥ്യം, സത്യനും, സിബിയും, കമലും, ശ്രീനിവാസനും പിന്നെ ബ്ലെസ്സിയും റോഷനും ഒക്കെ ഉണ്ടായിരുന്നിട്ടു പോലും എന്തെ മലയാള സിനിമ ഇത്തരത്തില്‍ ആയതു? ആധുനിക കാലത്തെ മലയാളിയെ തിരിച്ചറിയുവാന്‍ ഇവര്‍ക്കായില്ലെന്നുണ്ടോ? 

 ഈ യാത്ര തുടരുന്നിടത് വച്ച് എപ്പോഴോ കുറെ ചെറുപ്പക്കാര്‍ മലയാളിക്കായി കുറച്ചു പരീക്ഷണങ്ങള്‍ മാറ്റിവച്ചു, ഇവ ഏറെക്കുറെ വിജയം കണ്ടു എന്ന് തന്നെ പറയുകയും ചെയ്യാം, മലര്വാടിയും, ട്രാഫിക്കും, സോള്‍ട്ട് ആന്‍ഡ്‌ പേപ്പറും ഒടുവില്‍ ചാപ്പക്കുരിശും നമുക്ക് ഒരു പുതിയ ദ്രിശ്യാനുഭവം സമ്മാനിച്ചു.ഈ ചെറുപ്പക്കാരുടെ കടന്നുകയറ്റം മലയാളസിനിമയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കണ്ടുവരുന്ന മരവിപ്പിന് ഒരു ചെറു  മരുന്നായി മാറുകയായിരുന്നു. 
                                                                                   മലയാളിയുടെ ആകാംക്ഷ ശരിക്കും പരീക്ഷിച്ച ചിത്രമായിരുന്നു ട്രാഫിക്, തിരക്കഥയിലോ കഥയിലോ മേന്മ പുലര്‍ത്തിയില്ലെങ്കില്‍ പ്പോലും ആംഗലേയ ചലച്ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ആദ്യാവസാനം പ്രേക്ഷകനെ തിയേറ്ററില്‍ പിടിചിരുതുവാന്‍ ഈ സിനിമക്ക് സാധിച്ചു. അതിഭാവുകത്വതിനോ ഗാനങ്ങള്ക്കോ പ്രാധാന്യം നല്‍കാതെ നടന്മാരെ, താരങ്ങളാക്കാതെ സിനിമ എന്താണ് പറയേണ്ടിയിരുന്നത് എന്നത് രാജേഷ്‌ പിള്ള എന്ന ചെറുപ്പക്കാരന്‍ കാണിച്ചു തന്നു. പ്രായം നടന്മാരെ സംബന്ദിച്ചു ഒരു വിഷയം ആകുന്നില്ല, മറിച്ചു താര്മായാലോ, പ്രായം ഒരു ഖടകം തന്നെ ആണ്, ഇത് തന്നെ ആണ് നമ്മുടെ പ്രിയപ്പെട്ട സൂപ്പര്‍ സ്ടാരുകള്‍ ക്കും പറ്റിയത്. ഒരു സിനിമ വിജയിക്കണമെങ്കില്‍ ഇച്ചാശക്തിയുള്ള ഒരു സംവിധായകന്‍ അതിനു പിന്പില്‍ വേണം എന്ന് രാജേഷ്‌ പഠിപ്പിക്കുന്നു. ഹൃദയമിടിപ്പോടെ ചിത്രത്തിനെ ആവേഗത്തെ ഉള്‍ക്കൊള്ളുവാന്‍ മലയാളിയെ രാജേഷ്‌ ട്രാഫിക്കിലൂടെ പഠിപ്പിക്കുക ആയിരുന്നു. 
                                                                                   ഭക്ഷണം എന്ന ദൌര്‍ബല്യം സിനിമയാക്കി നമ്മിലെക്കെതിക്കുവാന്‍ സോള്‍ട്ട് ആന്‍ഡ്‌ പേപ്പര്‍ എന്ന സിനിമക്ക് കഴിഞ്ഞപ്പോള്‍ മലയാള സിനിമ വീണ്ടും തല ഉയര്തിപിടിക്കുകയാണ് . ലാല്‍ എന്ന നടന്റെ കരിയറിലെ നല്ല വേഷങ്ങളില്‍ ഒന്നായി ഈ സിനിമയിലെ കഥാപാത്രവും മാറിക്കഴിഞ്ഞു. 
                                                                                  ഹജ്ജു എന്ന പുണ്യ കര്‍മമാണ് ഇസ്ലാമിന്റെ മോക്ഷം എന്ന് കരുതുന്ന അബു പവിത്രന്‍ എന്ന സംവിധായകന്റെ ഉപ്പ് എന്ന ചിത്രം അനുസ്മരിപ്പിക്കുന്നു. സലിം കുമാരിലെ നടന്‍ കഥാപാത്രമായ അബു ആയി മാറുമ്പോള്‍ തിരസ്കരണം ഏറ്റു വാങ്ങുന്ന അടിത്തട്ടിലുള്ള ഒരു മനുഷ്യനായി മാറുകയായിരുന്നു. ഇത്തരത്തില്‍ മലയാളത്തിനു പുതെ ഉനെര്വ് പകരുവാന്‍ , കല്ലായി ഉറച്ചു കിടന്ന ആ അഹല്യക്ക്‌ ശാപമോക്ഷം നല്‍കുവാന്‍ ഒരു പട്ടം രാമന്മാര്‍ ഇനിയും ഉണ്ടാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.